Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരേ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ എം.വി.ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം അറിയിച്ചുള്ള പോസ്റ്റിന്റെ കമന്റുകളിലാണ് വിമര്‍ശനമുയരുന്നത്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളും. താങ്കളുടെ പാര്‍ട്ടി സെക്രട്ടറി ആയിട്ടുള്ള അവസാന പത്രസമ്മേളനമെന്നും കമന്റുകളുണ്ട്.
'പാര്‍ട്ടി നേതൃത്വത്തിന്റെ ശൈലിയോടുള്ള അണികളുടെയും പൊതുജനങ്ങളുടെയും അസംതൃപ്തിയാണ് തെരഞ്ഞെടുപ്പ് ഫലം'. 'പാര്‍ട്ടി കോട്ടകള്‍ വരെ കടപുഴകി വീഴുന്നുണ്ടെങ്കില്‍ അത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് സമ്മതിച്ചേ മതിയാകൂ' എന്നും കമന്റുകളുണ്ട്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറിസ്ഥാനം എം.വി. ഗോവിന്ദൻ ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം. എം.വി. ഗോവിന്ദന്റെ ശൈലി അണികൾ അംഗീകരിക്കാത്തതാണു തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നും വിലയിരുത്തുന്നു. 2021ൽ 67 സീറ്റുകൾ നേടിയ സിപിഎമ്മിന് ഇത്തവണ 26 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതു മുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദേശ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. തളിപ്പറന്പ്, പയ്യന്നൂർ, അന്പലപ്പുഴ എന്നിവിടങ്ങളിൽ സിപിഎമ്മിൽനിന്നു പുറത്തുപോയവർ നേടിയ വിജയവും എം.വി. ഗോവിന്ദനു തിരിച്ചടിയായിരിക്കുകയാണ്.
തളിപ്പറന്പിൽ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നല്‍കിയപ്പോൾത്തന്നെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ ഗോവിന്ദനെതിരേ എതിർപ്പുകൾ ഉയർന്നിരുന്നു. ടി.കെ. ഗോവിന്ദൻ ഇക്കാര്യം പറഞ്ഞതാണ്. എന്നാൽ, കണ്ണൂരിൽനിന്നു തളിപ്പറന്പിൽ മത്സരിക്കേണ്ടവരുടെ ലിസ്റ്റ് അയച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചെന്നപ്പോൾ അവിടെ പി.കെ. ശ്യാമളയെന്ന ഒറ്റ പേരിലേക്ക് ഉയരാൻ കാരണം സംസ്ഥാന സെക്രട്ടറിയാണെന്നും വിമർശനം ഉയർന്നിരുന്നു.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എം.വി. ഗോവിന്ദനും കൂടി ഉൾപ്പെട്ട തളിപ്പറന്പിലെ യോഗത്തിൽ ഒരു വിഭാഗം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പി.കെ. ശ്യാമള തോറ്റതോടെ തോൽവിയുടെ ഉത്തരവാദിത്വം എം.വി. ഗോവിന്ദൻ ഏറ്റെടുക്കേണ്ടി വരും.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകൾക്ക് വിശദീകരണം നല്കാൻ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ എം.വി. ഗോവിന്ദന് കഴിഞ്ഞില്ല. ആരോപണവിധേയനായ ടി.ഐ. മധുസൂദനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
സിപിഎമ്മിന്റെ മുൻ ഷൊർണൂർ എംഎൽഎയും യുഡിഎഫിൽ ചേർന്ന് മത്സരിക്കുകയും ചെയ്ത പി.കെ. ശശിയിൽനിന്നും എം.വി. ഗോവിന്ദനെതിരേയാണു രൂക്ഷമായ വിമർശനം ഉയർന്നത്. അന്പലപ്പുഴയിൽ വിജയിച്ച ജി. സുധാകരനും എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചെന്നു പറഞ്ഞാണു സിപിഎം വിട്ടത്.
സിപിഎമ്മിലെ മുതിർന്ന നേതാക്കളെ പരിഗണിക്കാതെയുള്ള എം.വി. ഗോവിന്ദന്റെ ശൈലിയോട് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ പാർട്ടിക്കുള്ളിൽനിന്ന് എതിർപ്പുകൾ കൂടിവരികയാണ്. പയ്യന്നൂരിലും ആലപ്പുഴയിലും പാലക്കാട്ടും ബ്രാഞ്ച് തലങ്ങളിലും ഏരിയാ തലങ്ങളിൽനിന്നും ഉയരുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കാൻപോലും എം.വി. ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തിരുന്നു സാധിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്നും അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് തിങ്കളാഴ്ച നടക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്ഷന് അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് യുഡിഎഫ് പറയുന്നത്. ഇല്ലാത്ത കാര്യം ഊതിവീര്‍പ്പിക്കുന്നതാണ് യുഡിഎഫിന്റെ വിജയ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Kerala
എക്സിറ്റ് പോൾ ഫലത്തിൽ സിപിഎമ്മിനു യാതൊരു ഉത്കണ്ഠയുമില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാനത്തു സർക്കാർ വിരുദ്ധ വികാരം ഇല്ല. മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിക്ക് നല്ല സാധ്യതയുള്ള സർവേയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും എന്നതാണ് എക്സിറ്റ് പോളിന്റെ ഉള്ളിൽ കാണിക്കുന്നത്. അസംഭവ്യമായ ചില കാര്യങ്ങൾ സർവേയിൽ ഉണ്ട്. ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ജോസ് കെ. മാണി
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലുകളുള്ള എക്സിറ്റ്പോള്‍ ഫലപ്രവചനങ്ങളില്‍ കാണുന്നത് എല്‍ഡിഎഫ് തുടര്‍ഭരണ സാധ്യതയാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. ജനക്ഷേമം ഓരോ ഭവനത്തിലും എത്തിച്ച ഭരണകൂടത്തിനൊപ്പമാണ് ജനങ്ങളെന്ന് വോട്ടെണ്ണെൽ ദിനത്തില്‍ തെളിയുമെന്നും അദേഹം പറഞ്ഞു.
വി.എന്‍. വാസവൻ
എക്സിറ്റ് പോളുകള്‍ എപ്പോഴും യാഥാര്‍ഥ്യമാകണമെന്നില്ല. ജനവിധിയാണ് അന്തിമം. പാലാ ഉള്‍പ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കുമെന്നും വി.എന്‍. വാസവന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 90-ലധികം സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളിലധികം നേടി അധികാരം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിലെ ജനങ്ങൾ വികസനത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷമായ യുഡിഎഫിന് ജനങ്ങൾക്കിടയിൽ സ്വാധീനം നഷ്ടപ്പെട്ടെന്നും രാഷ്ട്രീയമായി അവർ തകർച്ചയിലാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ബൂത്ത് തലം മുതലുള്ള ഒരുക്കങ്ങൾ ഇടതുമുന്നണി പൂർത്തിയാക്കി കഴിഞ്ഞു. ജനവിധി എൽഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
NRI
കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിൽ വൈറലായ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കല കുവൈറ്റ് പ്രവർത്തകരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിനന്ദിച്ചു.
ഓൺലൈൻ മീറ്റിംഗിലൂടെയാണ് അദ്ദേഹം അണിയറ പ്രവർത്തകരുമായി സംവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതുപുത്തൻ ശൈലികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കല കുവൈറ്റ് നിർമ്മിച്ച ഈ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ജനശ്രദ്ധയാകർഷിച്ചത്.
രാഷ്ട്രീയ ആശയങ്ങളെ ലളിതമായും എന്നാൽ ഗൗരവത്തോടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള സർഗാത്മക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.
Kerala
വടക്കാഞ്ചേരി: സംസ്ഥാനത്തു ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്നു സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ.
വർഗീയതയ്ക്കെതിരേ ശരിയായ നടപടികൾ സ്വീകരിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമ്പോൾ, വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ യുഡിഎഫും ബിജെപിയും തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യക്തമായ ഡീൽ നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരിടത്തും വിജയിക്കാൻ സാധിക്കില്ല.
വർഗീയതയ്ക്കെതിരേ സംസാരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയെ ചേർത്തുപിടിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്നുപറയാൻ കോൺഗ്രസ് തയാറാണോ? സ്വന്തം വർഗീയകൂട്ടുകെട്ടുകൾ മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ വികസനങ്ങളെ അപ്പാടെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയപാത വികസനത്തിനുവേണ്ടി കിഫ്ബി വഴി 5,080 കോടി രൂപയാണ് സംസ്ഥാനസർക്കാർ നൽകിയത്. എന്നാൽ ഇത്തരം വികസനപ്രവർത്തനങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംപോലും തകർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തവണയും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിന്റെ തുടർഭരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ എല്ലാ രംഗത്തും പുരോഗതിയിലെത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ തുടർഭരണം ചരിത്ര സംഭവമായി മാറും. തുടർ ഭരണമെന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അല്ല. മറിച്ച് കേരളത്തെ നവകേരളമാക്കാനും അതു വഴി സമസ്ത മേഖലകളിലും പുരോഗതിയിൽ എത്തിക്കുന്നതിനുമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇഎംഎസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തമ്മിലടിച്ച് തകരുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും ജനങ്ങൾ തിരസ്കരിക്കുമെന്നും ഗോവിന്ദൻ പരിഹസിച്ചു. സ്ഥാനാർഥിപ്പട്ടികയിൽ കടന്നുകൂടാനുള്ള അടിയാണ് കോൺഗ്രസിൽ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവർക്ക് തന്നെ എതിരാകും. കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിലും അവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതി. പട പാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കംകുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽനിന്നും പാർട്ടി അംഗത്വം പുതുക്കാതെ പുറത്തുപോയ ജി.സുധാകരന് എന്തു തീരുമാനവുമെടുക്കാനുമുള്ള അവകാശമുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടിയിൽ നിന്നു പുറത്തുപോയ ജി. സുധാകരനെ ഇനി എന്തിന് അനുനയിപ്പിക്കണം. ജനങ്ങൾക്ക് എല്ലാം ബോധ്യമുള്ളതാണ്.
അന്പലപ്പുഴ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണെന്നും അവിടെ നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിയാണ് പ്രതികരിച്ചത്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് എന്നുമുള്ളത്.
നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടു പോകാനാണ് ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഏഴു ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. അതിൽ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നതല്ല ചോദ്യം.
എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണിതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
ആലപ്പുഴ: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിയമസഭയിലേക്ക് മത്സരിക്കില്ല. നിലവിൽ തളിപ്പറമ്പ് എംഎൽഎയായ എം.വി.ഗോവിന്ദന് പകരമായി അദ്ദേഹത്തിന്റെ ഭാര്യ പി. കെ.ശ്യാമള മത്സരിക്കുമെന്നാണ് സൂചന.
ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണായിരുന്നു. തളിപ്പറമ്പിൽ എം.വി. നികേഷ് കുമാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
ചൊവ്വാഴ്ച ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. തലശേരിയിൽ കാരായി രാജൻ, മട്ടന്നൂരിൽ വി.കെ.സനോജ് , പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശേരിയിൽ എം.വിജിൻ, ധർമ്മടത്ത് പിണറായി വിജയൻ എന്നിവരെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിനു പരിഹാസരൂപേണ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി.
“ഓ... ഇല്ല...” അതായത്, പാർലമെന്ററി രംഗത്തു ജി. സുധാകരൻ ഇനി അടഞ്ഞ അധ്യായം. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഗോവിന്ദൻ സുധാകരനെതിരേ പറയാതെ പറഞ്ഞത്.
കെ.കെ. ശൈശലജയുടെ കാര്യത്തിലും എല്ലാം പാർട്ടി പരിശോധിക്കുമെന്നല്ലാതെ മത്സരിക്കുമോ ഇല്ലയോ എന്നു വ്യക്തമായ മറുപടി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയാറായില്ല. പിണറായി വിജയൻ മത്സരിക്കുമോയെന്ന ചോദ്യത്തിന്, പോളിറ്റ് ബ്യൂറോ തീരുമാനിച്ചല്ലോ എന്നു മാത്രമാണു ഗോവിന്ദന്റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ നേതൃത്വങ്ങൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പ്രാഥമിക പട്ടികയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ഇതിനുള്ള വിശദീകരണവും ജില്ലാ നേതൃത്വം നൽകിയിരുന്നു. നിലവിൽ മട്ടന്നൂരിൽ പാർട്ടി സ്ഥാനാർഥി ആരായാലും ജയിക്കുമെന്ന നിലപാടാണു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
രണ്ടു ടേം പൂർത്തിയാക്കിയവർ വീണ്ടും മത്സരിച്ചാലേ ജയിക്കൂവെന്ന സ്ഥിതിയുള്ള മണ്ഡലത്തിൽ മാത്രം എംഎൽഎമാരെ മൂന്നാമതും പരിഗണിച്ചാൽ മതിയെന്ന ധാരണയാണു നിലവിൽ സിപിഎം സ്വീകരിച്ചിട്ടുള്ളത്. അല്ലെങ്കിൽ പുതിയ സ്ഥാനാർഥികളെ പരിഗണിക്കണമെന്നും ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ എംപിയുമായ സി.എസ്. സുജാതയെ പരിഗണിക്കണമെന്ന നിലപാടാണു സംസ്ഥാന നേതൃത്വത്തിനുള്ളത്.
എന്നാൽ, ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ സുജാതയുടെ പേരില്ല. ഡോ. ടി.എം. തോമസ് ഐസക് മത്സരിക്കണമെന്നും സംസ്ഥാന നേതൃത്വത്തിനു താത്പര്യമുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ ഐസക്കിന്റെ പേരും ഇല്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്ന തരത്തിൽ ജില്ലാ കമ്മിറ്റികളിൽനിന്നു സ്ഥാനാർഥിപ്പട്ടിക എത്തണമെങ്കിൽ ജില്ലാ കമ്മിറ്റികൾ വീണ്ടും ചേരേണ്ടിവരും.
നാളെമുതൽ പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾ പങ്കെടുത്തുകൊണ്ടു ജില്ലാ കമ്മിറ്റികൾ ചേരും. ഈ മാസം എട്ടാം തീയതിക്കു മുന്‍പായി സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
സീറ്റുധാരണ സംബന്ധിച്ച് ഇന്നും നാളെയുമായി സിപിഐ നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറി ചർച്ച നടത്തും. മൂന്നാം തീയതിക്കു മുന്‍പായി ഇടതുമുന്നണിയിലെ സീറ്റുചർച്ച പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് എതിരെ കെഎസ്യു പ്രവർത്തകർ നടത്തിയ സമരം തികച്ചും സമാധാനപരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് ഒരു കെഎസ്യു പ്രവർത്തകരും പോയിട്ടില്ല. കെഎസ്യു പ്രവർത്തകരുടെ അടുത്തേയ്ക്ക് മന്ത്രി വീ ണാ ജോർജ് ആക്രോശിച്ച് കൊണ്ടുവരികയാണ് ഉണ്ടായത്. പോലീസ് ഇവരെ തടയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റെയിൽവേ പോലീസ് ഇന്നലെ നടന്ന ദൃശ്യങ്ങൾ പരിശോധിച്ചു എന്നിട്ടും കെസ്യു പ്രവർത്തകർക്ക് എതിരെ ഒരു തെളിവും കണ്ടെത്താനായില്ല.
മന്ത്രിയുടെ കയ്യിലെ പരുക്ക് നേരത്തെ ഉണ്ടായിരുന്നു. അത് ഇന്നലെ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിന് ശേഷം ഉണ്ടായതല്ല. ആരോഗ്യമന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്റെ പുറത്ത് കേരളത്തിൽ വ്യാപകമായ അക്രമങ്ങളാണ് സിപിഎം പ്രവർത്തകർ അഴിച്ചുവിട്ടത്. കോൺഗ്രസ് ഓഫീസ് അക്രമിക്കുകയും കോൺഗ്രസിന്റെ പുതുയുഗ യാത്രയുടെ ച്രചരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിക്കെതിരെ ഏതെങ്കലും തരത്തിലുള്ള അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവുമായി വരട്ടെയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആരോഗ്യമന്ത്ര ഇപ്പൊൾ കേരളത്തിൽ പരിഹാസ്യ കഥാപാത്രം ആണ്. സർക്കാരിനും ആരോഗ്യ മന്ത്രിക്കും എതിരെയുള്ള ആരോപണങ്ങൾ വഴിത്തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ പൊളിഞ്ഞു പോയതിന്റെ വിഷമാണ് കോൺഗ്രസിന്റെ പുതുയുട യാത്രയ്ക്ക് എതിരെ തീർക്കുന്നത്. കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചുവെന്നും കൈ പിടിച്ച് വലിച്ചുവെന്നും മറ്റുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങളെയും വി.ഡി. സതീശൻ ശക്തമാ യി അപലപിച്ചു.
Kerala
ആലപ്പുഴ: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ബുധനാഴ്ചയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമായ കടന്നാക്രമണം നടത്താനാണ് ശ്രമം. വി.ഡി. സതീശന്റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മന്ത്രിക്ക് അരികിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെ, ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
പാലക്കാട്: പാർട്ടി എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല സംസ്ഥാന സര്‍ക്കാരെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. ജില്ലയില്‍ എല്‍ഡിഎഫ് വടക്കന്മുന്നേറ്റ വികസനജാഥയ്ക്കിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും അതു വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ല. പ്രതിസന്ധികളുണ്ടാകണമെന്നു മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടസംവിധാനമല്ല സര്‍ക്കാരിനുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിനു കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം.
ഇക്കാര്യം 1957ല്‍തന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
District News
ഒറ്റപ്പാലം: ഇന്ത്യ- അമേരിക്ക കരാറിന്റെ ഭാഗമായാണ് കർഷകർക്ക് നെൽവില നൽകുന്നതിൽ കേന്ദ്ര സർക്കാർ വിചിത്ര നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംസ്ഥാനം നൽകുന്ന ഉത്പാദന ബോണസ് നൽകരുതെന്ന കേന്ദ്രനിലപാട് അമേരിക്കക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമുന്നേറ്റ ജാഥക്ക് ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ്, കെ. ജയദേവൻ, എസ്. അജയകുമാർ, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ്കുമാർ എംപി, എൻസിപി വർക്കിംഗ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, കോൺഗ്രസ്- എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് ഗോവിന്ദന് ചോദിച്ചു.
ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്.
പരസ്പര സ്നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുകയെന്നും ഗോവിന്ദന് ചോദിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി.ഡി. സതീശന് പറഞ്ഞു.
ഗോവിന്ദന് ഇപ്പോൾ മറവിരോഗം ബാധിച്ചിരിക്കുകയാണ്. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളത്. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്.
പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ?.
മാഷിന് പിണറായി വിജയന് പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.
തിരുവല്ല ബലാത്സംഗം, ഇത് ബീഹാറാണോ, കേരളമല്ലേ. മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. ക്രിമിനൽ കേസ് പ്രതികൾക്കൊക്കെ സുഖവാസം ഒരുക്കുന്നു. കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു. ജയിലിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സുഖവാസമാണ്. ടെക്നോളജിയിൽ മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ശരിയാണ്, ഗൂഗിൾ പേയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
Kerala
കല്‍പ്പറ്റ: ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ നയിച്ച് കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണു വിമർശനമുന്നയിച്ചത്.
ഒരു വികസനത്തെയും പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്ന് ഗോവിന്ദന് കുറ്റപ്പെടുത്തി. പുഞ്ചിരിമട്ടം ഉരുള്‍ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും പണം നല്കിയപ്പോള് കോണ്‍ഗ്രസ് അനുകൂല സംഘടന സര്‍ക്കാര്‍ ഉത്തരവുതന്നെ കത്തിച്ചു. സ്വന്തം നിലയില്‍ പണം പിരിച്ച് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് മൗനം പാലിക്കുന്നത് ക്രൂരതയാണ്.
ഇപ്പോള്‍ പിരിച്ച പണവുമില്ല, പിരിക്കാന്‍ ഉപയോഗിച്ച ആപ്പുമില്ല. എവിടെയാണ് ഈ പണം പോയതെന്നു വ്യക്തമാക്കണം. ഭവനനിര്മാണത്തിനെന്നു പറഞ്ഞ് കോണ്‍ഗ്രസ് മൂന്നേക്കര്‍ സ്ഥലം വാങ്ങിയത് പാവങ്ങളെ പറ്റിക്കാനാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേതു കാട്ടിക്കൂട്ടലാണ്. നിയമസഭയില്‍ പ്രതിഷേധിക്കാനും പ്രമേയം പാസാക്കാനുമുള്ള എല്ലാ അധികാരവും ഭരണഘടനാപരമായുണ്ട്. അതൊന്നും ഉപയോഗിക്കാതെ കോപ്രായം കാണിക്കുകയായിരുന്നു. ശബരിമലയില്‍ പോറ്റിയെ കേറ്റിയത് ആരാണെന്നു കൃത്യമായി ജനങ്ങള്‍ക്ക് മനസിലായി. എല്ലാം എതിരായെന്ന് കണ്ടപ്പോള്‍ ഒളിച്ചോടുകയാണു പ്രതിപക്ഷം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയായ ഒരാളും നിയമത്തിന്റെ മുമ്പില്‍ വരാതെ രക്ഷപ്പെടരുതെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഒരാളെയും സംരക്ഷിക്കില്ല. ഇതാണ് അന്നും ഇന്നും പറയുന്നത്. യുഡിഎഫും ബിജെപിയും ഇത് മാറ്റിപ്പറയുകയാണ്.
വി.എസ്. അച്യുതാനന്ദന് മരണാനന്തരം ലഭിച്ച പദ്മവിഭൂഷൺ സ്വീകരിക്കണമോയെന്ന തീരുമാനം കുടുംബത്തിനു വിടാം എന്ന നിലപാടാണു പാര്‍ട്ടി സ്വീകരിച്ചത്. ബഹുമതി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. ആ സന്തോഷത്തില്‍ പങ്കുചേരുകയാണ് പാര്‍ട്ടി ചെയ്തത്. വിഷയത്തില്‍ വിഎസിന്റെ കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദന് പറഞ്ഞു.
Kerala
കൂത്തുപറമ്പ്: പാർട്ടിയിൽനിന്നു പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ഓരോ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പിണറായി കൺവൻഷൻ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
മട്ടന്നൂർ: നിയസഭയിൽ പോലും അക്രമാസക്തമായ രീതിയിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും സഭാ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനനാവാത്ത രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മട്ടന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനാധിപത്യ മര്യാദകളും പ്രതിപക്ഷം തകർക്കുകയാണ്. കേന്ദ്ര ബജറ്റിനെ കുറിച്ച് പറയേണ്ടി വരും എന്നത് കൊണ്ടാണ് നിയമസഭയിൽ യുഡിഎഫ് ഇത്തരം നിലപാട് സ്വീകരിച്ചത്. യുഡിഎഫിന്റേത് ബിജെപി അനുകൂല നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ കാര്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് യുഡിഎഫ്. സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അസംബന്ധമാണ്. ഹൈക്കോടതിയാണ് അന്വേഷണം നിയന്ത്രിക്കുന്നത്. അന്വേഷണം ഇപ്പോൾ കൂടുതൽ വിപുലമായിട്ടുണ്ട്.
ബേപ്പൂരിലെ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഡിഎഫിന്റെ ഭാഗമായ അൻവർ മത്സരിക്കും മുന്‍പേ തോല്‍ക്കുമെന്നായിരുന്നു മറുപടി. 2014ന് മുന്‍പുള്ള കേരളത്തിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രയ്ക്കിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് തയാറുണ്ടോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞി കൃഷ്ണന്റെ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകം ഇന്ന് വൈകുന്നേരം പ്രകാശനം ചെയ്യും.
അതിനിടെ പുസ്തകത്തിൽ തെറ്റായ കണക്കോ, താനുൾപ്പടെയുള്ള നേതാക്കളെ തെറ്റായ രീതിയിൽ പരാമർശിച്ചിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ കേസ് കൊടുക്കുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന് രംഗത്തെത്തി. എന്നാ താൻ പോയി കേസ് കൊടുക്ക് എന്ന നിലയിലാണ് വി. കുഞ്ഞികൃഷ്ണൻ മറുപടി നൽകിയത്.
പാര്‍ട്ടിയുടെ കൈയിൽ കണക്കുണ്ടെങ്കില് തന്റെ പുസ്തക പ്രകാശനത്തിന് മുമ്പായി കണക്കുകള്‍ പുറത്തുവിടണമെന്ന കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിക്ക് "മനസില്ലെന്നായിരുന്നു എം.വി. ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചത്.
ഇതുവരെ എവിടെയും കണക്കുകള്‍ അവതരിപ്പിക്കാത്ത നേതൃത്വമാണ് എല്‍ഡിഎഫ് വികസന ജാഥക്ക് ശേഷം കണക്കവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പുസ്തകം പുറത്തിറങ്ങിയ ശേഷം അതിനനുസരിച്ച് കണക്കുകൾ ഉണ്ടാക്കാനാണ് സിപിഎം നീക്കം നടത്തുന്നതെന്നും ആവർത്തിച്ചു.
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ് തന്റെ കണക്കുകൾ. വ്യക്തമായി പഠിച്ചുതന്നെയാണ് വിവരശേഖരണം നടത്തിയത്. തന്റെ കണക്കുകള്‍ കൃത്രിമമാണെന്ന് തോന്നുന്നവര്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കാത്ത കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള നീക്കം അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്. പുസ്തക പ്രകാശനത്തിലൂടെ തട്ടിപ്പുകളുടെ കഥ പുറത്ത് വന്നതിന് ശേഷം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന നേതൃനിരയിലുള്ളവരുടെ നിലപാടുകളും പുറത്തു വന്നിട്ടുണ്ട്. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര്യങ്ങൾ ഏറ്റെടുത്ത് പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് സൂചന.
അത്തരമൊരു പ്രവർത്തനമുണ്ടായാൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണം പാർട്ടിക്കുള്ളിൽ നേതൃത്വം കരുതുന്നതു പോലെ പെട്ടന്നവസാനിക്കില്ല. അതേ സമയം കുഞ്ഞികൃഷ്ണനോട് അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കളും പാർട്ടി അംഗങ്ങളും പ്രവർത്തകരുമെല്ലാം പാർട്ടിയുടെ നിരീക്ഷണത്തിലാണ്.
Kerala
കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയില്‍ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്- എം) പി.പി. ദിവാകരന് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി.എം. സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്(ആര്‍ജെഡി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടക്കോട് മോനിച്ചന് (കേരള കോണ്‍ഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), നൈസ് മാത്യു (കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്) എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ ജാഥയ്ക്കു സ്വീകരണം നല്‍കും.
നാളെ രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
Kerala
കണ്ണൂര്‍: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി ബംഗുളൂരുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
റെയ്ഡിന്റ് മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനമാണെന്ന് റോയിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരകരമായി പരിശോധിക്കണം എന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പ്രതികരിച്ചു.
മലയാളികള്‍ക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. പരിഹരിക്കാന്‍ കഴിയാവുന്ന പ്രശ്നങ്ങള്‍ മാത്രമേ റെയ്ഡിനു ശേഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. എന്നിട്ടും റോയി സ്വയം വെടിവച്ചു മരിച്ചു. ഇതിനുള്ള കാരണം കണ്ടെത്തണം.
റോയി ജീവനൊടുക്കിയ ശേഷവും ആദായ നികുതി വകുപ്പ് പരിശോധന തുടര്‍ന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്മാര് ഇത്തരത്തിലുള്ള സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ടാൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനം അംഗീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽ ഏതായാലും മതി.
കെ റെയിൽ ആയാലും ആർആർടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയിൽപാത വന്നാൽ മതി. കെ റെയിൽ വേണ്ടെന്നു വച്ചതു കേന്ദ്രം സമ്മതിക്കാത്തതുകൊണ്ടാണ്. അതിൽ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ വേണ്ട ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണു സതീശൻ പറയുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്നു കോടതി ചോദിക്കും. തനിക്ക് അച്ഛനും അമ്മയുമില്ല, തന്നെ വെറുതെ വിടണമെന്ന് പ്രതി പറയും.
അതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ സതീശന്റേതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പ്രിംകഗ്ല്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ടുവച്ച വിമർശനം ഉൾക്കൊള്ളും. പോരായ്മകൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങളുടെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പാർട്ടിക്കെതിരേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്റെ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു.
പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്നും നയാപൈസ വകമാറ്റില്ല. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. പാർട്ടി വിഷയം ചർച്ച ചെയ്തതാണ്. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അകത്ത് പറഞ്ഞതെല്ലാം പരിഗണിച്ചിട്ടുണ്ട്. ഇനി പരാതിയുണ്ടെങ്കിൽ പോലീസിനെയും സമീപിക്കാമല്ലോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കള്ളക്കഥ പൊളിഞ്ഞെന്നും ജനങ്ങൾക്കത് മനസിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിമരത്തിലേക്ക് അന്വേഷണം വന്നപ്പോൾ എസ്ഐടിക്കെതിരെ വി.ഡി. സതീശൻ രംഗത്ത് വന്നു. തന്ത്രിയെ പിടിച്ചതോടു കൂടി ബിജെപിക്ക് മിണ്ടാട്ടമില്ല. പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യുഡിഎഫ് ആണ്. വിഷയത്തിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്, മുതിര്‍ന്ന നേതാവ് എ.കെ. ബാലന് എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാൻ വാക്കുകൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
പ്രതികരണം അനവസരത്തിലായിരുന്നു എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
Kerala
കൊച്ചി: വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിനു യോജിപ്പിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു വർഗീയ പരാമർശവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. സിപിഎം ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയവിരുദ്ധ പാർട്ടിയാണ്. ബാക്കിയുള്ളവരെല്ലാം തരാതരം നോക്കി വർഗീയതയെ കൂട്ടുപിടിക്കുന്നുണ്ട്. വർഗീയതയുടെ ഏറ്റവും വലിയ വക്താക്കൾ വർഗീയതയ്ക്കെതിരേ ഗീർവാണപ്രസംഗം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: അയിഷ പോറ്റിയുടേത് അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദൻ. കോണ്‍ഗ്രസിലേക്കു ചെക്കേറിയ അയിഷാ പോറ്റിയുടേത് അവസരവാദപരമായ നിലപാടാണ്. വർഗവഞ്ചനയുടെ നിലപാടാണത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നും വട്ടം എൽഎൽഎയുമായിരുന്നു അയിഷ പോറ്റി. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവുമാക്കിയപ്പോൾ അവിടേക്കു പോയിട്ടേയില്ല. അസുഖമാണെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ലോക്ഭവനു മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോവിന്ദൻ.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും രാജ്യത്തു ചരിത്രം രചിച്ച് ഇടതുസർക്കാർ മൂന്നാംവട്ടത്തിലേക്കു പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആർഎസ്എസിനെതിരായുള്ള വിമർശനം ഹിന്ദുസമുദായത്തിനെതിരായും ജമാ അത്തെ ഇസ്ലാമിക്കെതിരേ യുള്ള വിമർശനം മുസ്ലിം സമുദായത്തിനെതിരായും വ്യാഖ്യാനിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാറാടു കലാപം യുഡിഎഫിന്റെ ഭരണകാലത്താണു നടന്നത്.
ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നു പറഞ്ഞതു ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇപ്പോൾ അവരതു പറയാത്തതിന്റെ കാരണം ജനങ്ങൾക്കു മനസിലാകുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം : പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതെന്താണോ അതാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. ഇതു വ്യക്തമാക്കുന്നതും സംസ്ഥാന സെക്രട്ടറി തന്നെയാണ്. അതാണ് ഇന്നലെവരെ കണ്ട രീതിയും. സിപിഎമ്മിനു പാർട്ടി സെക്രട്ടറിയല്ലാതെ മറ്റു വക്താക്കളൊന്നുമില്ല.
എന്നാൽ, ഇപ്പോൾ സംഘടനാരീതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പു ഭരിക്കുന്നതു ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിനു കാരണമായിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ടി.പി.രാമകൃഷ്ണനും ബാലന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ബാലനെ അനുകൂലിച്ചു നിലപാടെടുത്തതോടെ വെട്ടിലായതു സിപിഎം സംസ്ഥാന നേതൃത്വമാണ്.
മാറാട് കലാപവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ അധ്യായമാണെന്നും ഇപ്പോൾ അങ്ങനെയൊരു ചർച്ചയ്ക്കു പ്രസക്തിയില്ലെന്നും കഴിഞ്ഞ ദിവസം ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത്, മാറാട് എങ്ങനെ മറക്കാൻ കഴിയുമെന്നാണ്.
മാറാട് കഴിഞ്ഞ കാര്യമാണെങ്കിലും അതു പറയാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് ഗോവിന്ദന്റെ വാദം. എ.കെ. ബാലന്റെയും ടി.പി.രാമകൃഷ്ണന്റെയും നിലപാടു ഗോവിന്ദൻ ഇതുവഴി നിരാകരിക്കുകയാണു ചെയ്തത്. അതായത്, മുഖ്യമന്ത്രി ബാലനെ അനുകൂലിച്ചു സംസാരിച്ചതിനു ശേഷം ബാലനെതിരേയുള്ള ആദ്യത്തെ നിലപാടിൽ നിന്നും ഗോവിന്ദൻ പതിവുപോലെ തടിതപ്പി. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന സൂചനയാണ് ഇതുവഴി അദ്ദേഹം പാർട്ടിക്കു നൽകിയത്.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരെ എ.കെ.ബാലൻ നടത്തിയ പരാമർശം ചർച്ച ചെയ്യാൻ പോലും പാർട്ടി സെക്രട്ടറി അനുവദിച്ചില്ല. പകരം വിവാദങ്ങൾ കൂടുതൽ സൃഷ്ടിക്കേണ്ടതില്ലെന്ന നിർദേശമാണ് അദ്ദേഹം നേതാക്കൾക്കു നൽകിയത്.
പാർട്ടി സെക്രട്ടറിയുടെ ഈ നിലപാടിൽ ഭൂരിപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും കടുത്ത വിയോജിപ്പാണുള്ളത്. ഏതു വിഷയമായാലും പാർട്ടി നിലപാടു വ്യക്തമാക്കുന്നതു സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ എ.കെ.ബാലൻ സ്ഥിരമായി മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കാൻ എം.വി.ഗോവിന്ദനു കഴിയുന്നില്ലെന്ന വിമർശനം നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ഉണ്ട്.
ഇന്നലെ പാർട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലും എ.കെ.ബാലന്റെ പരാമർശത്തെ തള്ളിപ്പറയാൻ തയാറായില്ല. പകരം താൻ പറയുന്നതാണ് ഇപ്പോൾ പാർട്ടിയുടെ അഭിപ്രായമാണെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നും വഴുതി പോകുകയായിരുന്നു ഗോവിന്ദൻ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പരിശോധനയുടെ വസ്തുതയല്ല പിന്നീടു ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തതെന്ന വിമർശനം സിപിഎമ്മിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാമെന്ന തീരുമാനമാണു സിപിഎ മ്മിലുള്ളത്.
പാർട്ടിയുടെ ഇതുവരെയുള്ള സംഘടനാരീതി അട്ടിമറിക്കപ്പെടുന്നുവെന്ന വിമർശനവും സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ട്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തത്കാലം കൂടുതൽ ചർച്ചകൾക്കുപോയി വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന തീരുമാനത്തിലാണു നേതാക്കൾ.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹം സമുന്നതനായ സമുദായ നേതാവാണ്. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണെന്ന് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കേണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലബാറില്‍ സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. അതില്‍ പാര്‍ട്ടിക്ക് റോളില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന കോഴ ആരോപണത്തില്‍, ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും നടത്തുന്ന രീതി സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ എന്തിനു കാണാന്‍ പോയെന്നും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പോറ്റിയോടൊപ്പം പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
എസ്ഐടിയുടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എം.വി. ഗോവിന്ദന് കണക്കുകൾ നിരത്തി കുറിപ്പിൽ വ്യക്തമാക്കി.
എം.വി. ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ലഭിച്ചു. അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിനുണ്ടായത്. അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ല. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും.
യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എൽഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും.
പത്ത് വർഷമായി ഭരിക്കുന്ന എൽഡിഎഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുൻതൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളിൽ ഇരുമുന്നണികളും വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താൻ ബിജെപിക്ക് ആയില്ല.
ജില്ലാ പഞ്ചായത്തിൽ നേട്ടം
ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിർണയിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലം ഒഴിച്ച് 19ഉം നഷ്ടപ്പെട്ട എൽഡിഎഫ് ഏഴ് ജില്ലാ പഞ്ചായത്തിൽ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനായതിന്റെ ലക്ഷണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാൽ 110 നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 75–-80 ആയി കുറഞ്ഞുവെന്ന് വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞു. 19 സീറ്റിൽമാത്രം മുന്നിലായിരുന്ന എൽഡിഎഫ് 58 സീറ്റിൽ ഇപ്പോൾ മുന്നിലെത്തിയെന്ന് യുഡിഎഫ് പത്രം മലയാള മനോരമ തന്നെ റിപ്പോർട്ട് ചെയ്തു. മാതൃഭൂമി അത് 59 ആയി ഉയർത്തി.
ഞാൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിൽ യുഡിഎഫ് മുന്നിലാണെന്ന് മനോരമ പറയുമ്പോൾ മാതൃഭൂമി പറയുന്നത് എൽഡിഎഫ് ആണെന്നാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാൽ ഭൂരിപക്ഷത്തിന്റെ തോത് വീണ്ടും വർധിക്കും.
അതായത് കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ 64 സീറ്റ് വരെ എൽഡിഎഫിനാണ്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇടതുപക്ഷ വിരുദ്ധരെ വിനീതമായി ഓർമിപ്പിക്കട്ടെ. ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സിപിഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയത്.
ഉദാഹരണത്തിന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 40 സീറ്റാണ് ലഭിച്ചത്. അന്നും സിപിഎമ്മും ഇടതുപക്ഷവും തകർന്നുവെന്ന ആഖ്യാനം വലതുപക്ഷം ഉയർത്തി. എന്നാൽ 2006ൽ 98 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവിയുണ്ടായി. ആറു ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകൾ 59ഉം ഗ്രാമ പഞ്ചായത്തുകളിൽ 360ഉം മുനിസിപ്പാലിറ്റികളിൽ 17ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ലഭിച്ചതിനെക്കാളും വോട്ട് കുറവായിരുന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടമായത് വെറും രണ്ട് സീറ്റിനായിരുന്നു. ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്.
എന്തുവിലകൊടുത്തും എൽഡിഎഫിനെ തോൽപ്പിക്കുക എന്ന നയമാണ് യുഡിഎഫും ബിജെപിയും കൈക്കൊണ്ടത്. 10 വർഷമായി സംസ്ഥാനത്തും 11 വർഷമായി കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റാൽ അടിത്തറ ഇളകും. അതിനാൽ വർഗീയ- തീവ്രവാദ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ് 400ഓളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ കോൺഗ്രസും ബിജെപിയും പരസ്പരധാരണയുണ്ടായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 സീറ്റിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കുകയും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത 25 സീറ്റിൽ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടിൽ താഴെയാണ്. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായ എൽഡിഎഫ് ഇത്തവണ 1,67,522 വോട്ട് നേടി ഒന്നാമതെത്തി. അന്ന് ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി രണ്ടാംസ്ഥാനത്തായി.
എൽഡിഎഫിന്റെ കോട്ടകൾ തകർന്നടിഞ്ഞു എന്ന് വിലയിരുത്തുന്നവർ അറിയാനായി ചില ഉദാഹരണങ്ങൾ പറയാം. 1964മുതൽ പ്രതിപക്ഷമില്ലാതെ സിപിഐ എമ്മും എൽഡിഎഫും ഭരിക്കുന്ന ആന്തൂരിൽ (2015ലാണ് മുനിസിപ്പാലിറ്റിയായത്) 29ൽ 29 സീറ്റും എൽഡിഎഫ് ഇക്കുറിയും നേടി. അഞ്ച് സീറ്റിൽ എതിരില്ല. (സംസ്ഥാനത്ത് 15 സീറ്റിൽ എൽഡിഎഫിന് എതിരില്ല) കണ്ണൂരിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് പ്രതിപക്ഷമില്ല. കാസർകോട്ടെ പിലിക്കോടും പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലും എൽഡിഎഫ് എല്ലാ സീറ്റും നേടി.
എൽഡിഎഫ് നേട്ടമുണ്ടാക്കി
ന്യൂനപക്ഷങ്ങൾ ഏറെയുള്ള പല തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഇക്കുറി വിജയിച്ചു. നേരത്തേ ഞാൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓർമിപ്പിക്കട്ടെ. മലപ്പുറം ജില്ലയിൽ 10 ലക്ഷത്തിലേറെ വോട്ടുകൾ എൽഡിഎഫ് നേടി എന്നത് കള്ളപ്രചാരണം നടത്തുന്നവർ മനസ്സിലാക്കണം.
ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയനയങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്. അതിനിയും തുടരും. ആർഎസ്എസിനെ എതിർക്കുന്നതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. ഹിന്ദുത്വ വർഗീയതയെയാണ് എതിർക്കുന്നത്. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നതിന്റെ അർഥം മുസ്ലിങ്ങളെ എതിർക്കുന്നുവെന്നല്ല. മുസ്ലിങ്ങളിലെ വർഗീയവാദികളോട് മാത്രമാണ് എതിർപ്പ്. എന്നാൽ വർഗീയതയെ എതിർക്കുന്നത് മതത്തെ എതിർക്കുകയാണെന്ന വ്യാഖ്യാനം ചമയ്ക്കുന്നത് ഇതേ വർഗീയവാദികൾ തന്നെയാണ്. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളർന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ഗ്രാമപഞ്ചായത്ത് എന്നത് ബിജെപി ഇക്കുറി 26 ആയി ഉയർത്തിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണ ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ഇക്കുറി അവർക്ക് നഷ്ടമായി. എൽഡിഎഫ് ആണ് ഭരണം പിടിച്ചത്.
കഴിഞ്ഞ തവണ ഭരിച്ച പാലക്കാടും പുതുതായി തൃപ്പൂണിത്തുറയിലും ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ശബരിമല സ്വർണപാളി വിഷയം ഉയർത്തി വൻപ്രചാരണം നടത്തിയ ബിജെപിക്ക് ശബരിമലയിലും പരിസരത്തും ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ കനത്ത തിരിച്ചടി ലഭിച്ചു.
ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിലെ പെരുനാട് പഞ്ചായത്തിലെ വാർഡിൽ വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥിയാണ്. ഇവിടെയും ബിജെപി മൂന്നാംസ്ഥാനത്താണ്. പെരുനാട് പഞ്ചായത്ത് ഭരണം തുടർച്ചയായി രണ്ടാംതവണയും എൽഡിഎഫിന് ലഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചിറ്റാറിലും എൽഡിഎഫാണ് വിജയിച്ചത്.
സമീപ പഞ്ചായത്തുകളായ കുളനട, ചെറുകോൽ, മുത്തോലി പഞ്ചായത്ത് ഭരണവും എൻഡിഎയ്ക്ക് നഷ്ടമായി. വിശ്വാസിസമൂഹം എൽഡിഎഫിനെതിരാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണിത്. ഗുരുവായൂർ ക്ഷേത്രമുള്ള മുനിസിപ്പാലിറ്റിയിലും പറശിനി മഠപ്പുര സ്ഥിതിചെയ്യുന്ന വാർഡിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രമുള്ള വാർഡിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് വിജയിച്ചത്.
ബിജെപിയെ പ്രതിരോധിക്കും
ബിജെപി ആദ്യമായി ലോക്സഭാ സീറ്റ് നേടിയ തൃശൂരിലും വലിയ മുന്നേറ്റം നടത്തിയ ആലപ്പുഴയിലും അവർക്ക് അത് നിലനിർത്താനായില്ല. സുരേഷ്ഗോപി വൻ പ്രചാരണം നടത്തിയിട്ടും തൃശൂർ കോർപറേഷനിൽ രണ്ട് സീറ്റ് വർധിപ്പിച്ച് എട്ട് സീറ്റ് നേടാനേ ബിജെപിക്കായുള്ളൂ.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പിടിക്കുമെന്ന് വീമ്പടിച്ച സുരേഷ് ഗോപിക്ക് അതും വിഴുങ്ങേണ്ടി വന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് കാസർകോട്ടെ ബദിയടുക്ക മാത്രമാണ്.10000 വാർഡുകളിൽ 25 ശതമാനം വോട്ട് എന്ന ലക്ഷ്യവുമായി പ്രചാരണം ആരംഭിച്ച ബിജെപിക്ക് 1500ഓളം വാർഡിൽ മാത്രമാണ് ജയിക്കാനായത്.
ബിജെപി ഇപ്പോഴും കേരളത്തിന് എളുപ്പം സ്വീകരിക്കാവുന്ന പാർടിയായി മാറിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മത വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എമ്മും എൽഡിഎഫും നടത്തുന്ന ചെറുത്തുനിൽപ്പാണ് കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അതിജീവിക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയാറെന്നാണ് സിപിഎം നിലപാട്. ഗൂഡാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കേസിൽ സർക്കാർ ഇരയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. കോടതിയൂടെ നിരീക്ഷണം മനസിലാക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകുമെന്നും അതുസംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റം ചെയ്തത് ആരാണെങ്കിലും എത്ര ഉന്നതരാണെങ്കിലും സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ കർശനമായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത് എന്ന കാര്യം വിശദമായി മനസിലാക്കും. കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കുറ്റക്കാരനാണ് പറയുന്നു. അതുകൊണ്ടുതന്നെ കോടതി കണ്ടെത്തിയ വസ്തുതകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞത് താത്കാലികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗുരുതരമായ പരാതിയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായി കേസ് കൈകാര്യം ചെയ്യും.
നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കേസുകൾ വന്നുകൊണ്ടേയിരിക്കുമ്പോൾ ഒളിവിൽ കഴിയേണ്ടി വരുന്ന ഒരാളായി മാറും രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ വിഷയം ഇല്ലെങ്കിലും യുഡിഎഫിന് തിരിച്ചടി ഉണ്ടാകും. രാഹുലിനെ ഒളിപ്പിച്ചത് കോൺഗ്രസാണെന്നും ഇപ്പോഴും കേസുകൾ വന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തു കൊടുത്തതല്ലാതെ സർക്കാരിന് ഒരു പങ്കുമില്ലെന്നും ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും തരത്തിൽ തകർച്ചയുണ്ടായാൽ ദേശീയ പാതയാകെ തകർന്നുവെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
District News
ഇരിട്ടി: എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും തദ്ദേശ തെരെഞ്ഞെടുപ്പിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് ഇരിട്ടി നഗരസഭാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വികസന പ്രവർത്തനങ്ങളെയും കണ്ണടച്ച് എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ജീർണ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ശബരിമല വിഷയത്തിൽ ധീരമായ സമീപനം സ്വീകരിച്ച എൽഡിഎഫിനെ കുറ്റപ്പെടുത്തുന്നവർ കെ. കരുണാകരന്റെ കാലത്ത് ഗുരുവായൂരിലെ തിരുവാഭരണം മോഷ്ടിച്ച കേസ് കൈകാര്യം ചെയ്ത രീതി ഓർമിക്കുന്നത് നന്നായിരിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കെ. മുഹമ്മദലി അധ്യക്ഷവഹിച്ചു.
വത്സസൻ പനോളി, ഒ.കെ. ജയകൃഷ്ണൻ, കാസിം വി. ഇരിക്കൂർ, സി.വി.എം. വിജയൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. അശോകൻ, പി.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നല്ലതുപോലെ രാഹുലിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം വ്യാപിപിച്ചു.
രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസും സിപിഎം നേതാവ് പത്മകുമാറിനെതിരായ ശബരിമല സ്വര്‍ണക്കേസും താരതമ്യം ചെയ്യേണ്ടെന്നും രണ്ടും രണ്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കാലിക്കട്ട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പത്മകുമാര്‍ എംഎല്‍എ ഒന്നുമല്ലല്ലോ? എസ്ഐടി അന്വേഷണം പൂര്‍ത്തിയായതിനുശേഷം നടപടി പാര്‍ട്ടി ആലോചിക്കും. പത്മകുമാറിനെതിരായ കേസില്‍ എന്തിനാണ് തിരക്കു കൂട്ടുന്നതെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് രാഹുലിനു സംരക്ഷണം ഒരുക്കുകയാണ്. പോലീസിന് അദ്ദേഹത്തെ കണ്ടെത്തുന്നതില്‍ പരിമിതി ഉണ്ട്. എങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഒരു കാരണത്താലും വൈകിക്കുന്ന സ്ഥിതി ഉണ്ടാകില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി അറസ്റ്റു ചെയ്ത പത്മകുമാറിനെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. എസ്എ ടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തിടുക്കം ആവശ്യമില്ല. ശബരിമലയിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല എന്നതാണു പാര്‍ട്ടി നിലപാട്. ശബരിമല കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഇങ്ങോട്ടു പിന്തുണച്ചതിന് ഉത്തരവാദിയല്ല.ജമാഅത്തെ ഇസ്ലാമിയുമായി ഇടതുപക്ഷം ഒരു കാലത്തും ധാരണയുണ്ടാക്കിയിട്ടില്ല. ഓരോ വാര്‍ഡിലും ഓരോ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കാലം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ചിലയിടങ്ങളില്‍ ഏകപക്ഷീയമായി അവര്‍ എല്‍ഡിഎഫിനു വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഏകപക്ഷീയമായി ഇങ്ങോട്ടു പിന്തുണ നല്കുന്നതിനു പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഇല്ലെന്നു എം.വി. ഗോവിന്ദന് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഇടതുപക്ഷത്തിനു ബന്ധമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപി ഐയുടെയും പിന്തുണ തേടുക വഴി ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് യുഡിഎഫാണ്. വര്ഗീയതയിലേക്കാണു മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പോക്കെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
കണ്ണൂരും പിടിക്കുമെന്നു ഗോവിന്ദൻ
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എക്കാലത്തേക്കാളും ശക്തമായ പ്രകടനം കാഴ്ചവയ്ക്കും. കണ്ണൂര്‍ കോര്‍പറേഷനും എല്‍ഡിഎഫ് പിടിക്കും. ഇപ്പോള്‍ കണ്ണൂര്‍ കോര്പറേഷന് മാത്രമാണു യുഡിഎഫ് ഭരിക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ വന്‍ വിജയം നേടും.
ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുകളിലുമെല്ലാം വലിയ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനൽ പോലെ തദ്ദേശ തെരഞ്ഞെടുപ്പെത്തുമ്പോൾ, ഭരണമുന്നണിയിലെ മുഖ്യപാർട്ടിയുടെ സാരഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുഖം പ്രസന്നമാണ്; തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപനം ചിട്ടയായി നടക്കുന്നതിന്റെ പോസിറ്റീവ് എനർജി അദ്ദേഹത്തിന്റെ ശരീരഭാഷയിലും പ്രകടം.
ഇടതുമുന്നണിക്കുള്ളിൽ ഇടക്കാലത്തുണ്ടായ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും ഫലപ്രദമായി പരിഹരിക്കാനായത്, ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായത്, ഭരണം മികച്ചതാണെന്ന വിലയിരുത്തൽ... ഇവയെല്ലാം ഒത്തിണങ്ങി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുമെന്ന കണക്കുകൂട്ടലാണ് മാഷിന്റെ ആത്മവിശ്വാസത്തിന്റെ കാതൽ.
എറണാകുളത്തു പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത നേതൃയോഗങ്ങൾ, ആശയവിനിമയങ്ങൾ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പ്രകാശനം, ഘടകകക്ഷി നേതാക്കളുമായുള്ള സൗഹൃദസംഭാഷണങ്ങൾ, പള്ളുരുത്തിയിൽ പൊതുയോഗം... എം.വി. ഗോവിന്ദനു തിരക്കേറിയ ദിനമായിരുന്നു ഇന്നലെ. ഇടവേളയിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും കേരളത്തിന്റെ വർത്തമാനവും പങ്കുവയ്ക്കാനിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ മുഖത്ത് ക്ഷീണം തെല്ലുമില്ല. ആത്മവിശ്വാസം ആവോളമുണ്ടുതാനും.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച നാളുകളേക്കാൾ രാഷ്ട്രീയസാഹചര്യങ്ങൾ മാറി. ഈ ഘട്ടത്തിൽ ഇടതു മുന്നണിയുടെ ആത്മവിശ്വാസം എത്രത്തോളം?
കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാകും സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുക. എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷം വ്യക്തമാണ്. മാധ്യമങ്ങളും മറ്റും നടത്തുന്ന ഇടതുവിരുദ്ധ പ്രചാരണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫും ബിജെപിയും മുന്നോട്ടുപോകുന്നത്. ഞങ്ങളെ സംബന്ധിച്ചു, ജനങ്ങൾക്ക് അനുഭവവേദ്യമായ കേരളത്തിന്റെ വികസനം, സർക്കാർ നടത്തുന്ന സർവതലസ്പർശിയായ ക്ഷേമപ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനം.
വഗീയതയും അനുബന്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഈ തെരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുന്നതിനെ എങ്ങനെ കാണുന്നു?
വർഗീയതയെ കൂട്ടുപിടിച്ചു നേട്ടമുണ്ടാക്കാനാണു ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുമായി ഐക്യപ്പെട്ടാണ് കോൺഗ്രസിന്റെ പോക്ക്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ ജമാ അത്ത് നേതാവ് കൈപ്പത്തി ചിഹ്നത്തിലാണു മത്സരിക്കുന്നത്. എസ്ഡിപിഐയുമായും യുഡിഎഫ് ഐക്യത്തിലാണ്.
കേരളത്തിലുടനീളം നൂറുകണക്കിനു സീറ്റുകളിൽ യുഡിഎഫുമായി ബന്ധപ്പെട്ടു ന്യൂനപക്ഷ വർഗീയത പ്രകടമാണ്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടുന്നത് തത്കാലത്തേക്കു രണ്ടു സീറ്റ് കിട്ടാൻ കോൺഗ്രസിനെ സഹായിച്ചേക്കും. പക്ഷേ ഇതു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. സമസ്തയിലെ എല്ലാ വിഭാഗങ്ങളും യുഡിഎഫിന്റെ നയത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കിടയിൽ കാസ സംഘടന ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. എന്തെല്ലാം ഉണ്ടായാലും എൽഡിഎഫ് അതിനെയെല്ലാം അതിജീവിക്കും.
നഗരങ്ങളിൽ ഇടതുപക്ഷത്തിന്റെ സ്ഥിതി ആശാവഹമാണോ?
ഇക്കുറി ആറു കോർപറേഷനുകളിലും ഇടതു മുന്നണി നേട്ടമുണ്ടാക്കും. നാലു കോർപറേഷനിൽ ജയിക്കുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കും; ആർക്കും എന്തും പറയാമല്ലോ. തിരുവനന്തപുരത്ത് എൽഡിഎഫിന് വൻ മുന്നേറ്റമായിരിക്കും. കൊല്ലത്ത് പ്രതിപക്ഷമുണ്ടാകുമോ എന്നു നോക്കിയാൽ മതി. കൊച്ചിയിലും കോഴിക്കോട്ടും ജയമുറപ്പാണ്. കണ്ണൂരാണു പിടിച്ചെടുക്കേണ്ടത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിലും എൽഡിഎഫ് ജയിക്കും.
മുനമ്പം പ്രശ്നത്തിന്റെ ഒടുവിലെ സ്ഥിതി എങ്ങനെ കാണുന്നു?
മുനമ്പം വിഷയം സർക്കാരിനും എൽഡിഎഫിനും അനുകൂലമാണ്. ഭൂവുടമകളും താമസക്കാരും ഒഴിഞ്ഞുപോകേണ്ട സ്ഥിതിയുണ്ടാവില്ലെന്നു ഞങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ സാഹചര്യം എൽഡിഎഫിന്റെ നേട്ടമായല്ല, അവിടെ കാലങ്ങളായി താമസിക്കുന്ന ജനത്തിന്റെ വിജയമായാണു കാണുന്നത്.
ശബരിമല വോട്ടിനെ ബാധിക്കുമോ?
ശബരിമല വിഷയത്തിൽ സർക്കാരിനും ഇടതു മുന്നണിക്കും ഒന്നും മറച്ചുവയ്ക്കാനില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. ഈ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. ശബരിമല അന്വേഷണത്തിന് സിബിഐ വേണമെന്നു നേരത്തെ നിർബന്ധം പിടിച്ച യുഡിഎഫ് ഇപ്പോൾ എസ്ഐടിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്.എൽഡിഎഫ് ആരെയും സംരക്ഷിക്കില്ല. പത്മകുമാറിന്റെ കാര്യത്തിലും അതില്ല. അദ്ദേഹം ഇപ്പോൾ ജയിലിലല്ലെ? പിന്നെന്തു പാർട്ടി സംരക്ഷണം. സംഘടനാപരമായ നടപടി അതിന്റെ ഘട്ടം വരുമ്പോൾ സ്വീകരിക്കും.
എസ്ഐടി അന്വേഷണം മെല്ലെയായെന്ന ആരോപണം തെറ്റാണ്. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്; കോൺഗ്രസ് പറയുംപോലെയല്ല.
നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുകയാണല്ലൊ?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയും ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിന്റെയും കേളികൊട്ടാകും തദ്ദേശ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തു സർക്കാർ വിരുദ്ധവികാരമെന്ന് ഊതിപ്പെരുപ്പിക്കാൻ പലരും നടത്തുന്ന ശ്രമം വിജയിക്കില്ല. ഒരു ഉപതെരഞ്ഞെടുപ്പിലും സർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് ഒട്ടുമുണ്ടാകില്ല. സ്ത്രീസുരക്ഷ, സ്കോളർഷിപ്പുകൾ തുടങ്ങി എല്ലാ വിഭാഗത്തിനും സർക്കാർ എത്രയോ ആനുകൂല്യങ്ങളാണു ലഭ്യമാക്കിയത്. അതിദാരിദ്ര്യം അവസാനിപ്പിച്ചു. ദാരിദ്ര്യവും അവസാനിപ്പിക്കും.
കേന്ദ്രം തരാനുള്ളതു കൂടി തന്നാൽ ക്ഷേമപെൻഷൻ മൂവായിരമാക്കാനാകം. ക്ഷേമപെൻഷൻ കൈക്കൂലിയാണെന്നു പ്രതിപക്ഷ നേതാവിന് ഇപ്പോൾ അഭിപ്രായമുണ്ടോ എന്നു വ്യക്തമാക്കണം. പെൻഷൻ ബാധ്യതയാണെന്ന് അടൂർ പ്രകാശ് പറഞ്ഞതിന്റെ അർഥം, യുഡിഎഫ് വന്നാൽ അതു നൽകില്ലെന്നല്ലേ?
ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കാത്തതിന്റെ സൂചന?
സംസ്ഥാനത്ത് ആയിരക്കണക്കിനു സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളെ ഒഴിവാക്കിയത്. ഇതു കോൺഗ്രസുമായുള്ള ധാരണപ്രകാരമാണ്.
സിപിഎമ്മാണു പൊതുശത്രുവെന്ന് ഇരുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.അവർക്കു പരസ്പരമുള്ള അന്തർധാര ഇപ്പോൾ കൂടുതൽ വ്യക്തമായി. ഡിസംബർ 13ന് എൽഡിഎഫിന്റെ വിജയപുഞ്ചിരി എല്ലാവർക്കും കാണാം.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല.
അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സുസജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതായും ഗോവിന്ദന് പറഞ്ഞു.
എല്‍ഡിഎഫ് ഒറ്റക്കെട്ടായി വന്‍ മുന്നേറ്റം കൈവരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വിനര്‍ ടി.പി. രാമകൃഷ്ണന് പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ നേടും. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും രാമകൃഷ്ണന് പറഞ്ഞു.
District News
മാന്നാർ: കേരളത്തിൽ വർഗീയത പറഞ്ഞ് വേരുറപ്പിക്കാൻ ബിജെ പി ശ്രമിക്കുകയാണന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാന്നാറിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്നാണ് ബിജെപി പറയുന്നു. എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ബിജെപി കേരളം പിടിക്കില്ല. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നാണ് പഠിപ്പിക്കുന്നത്.
വിശ്വാസികൾ വർഗീയവാദികളല്ലെന്നും സിപിഎമ്മിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജ് അധ്യക്ഷനായിരുന്നു. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലത മധു, എം. ശശികുമാർ, ബി.കെ. പ്രസാദ്, അഡ്വ. സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്മാറുന്നുവെന്നു കാണിച്ച് കേന്ദ്ര സർക്കാരിനു കത്ത് നൽകാനുള്ള മന്ത്രിസഭാതീരുമാനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിപിഐ.
മന്ത്രിസഭ തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് നൽകാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിളിച്ചു പാർട്ടിയുടെ പ്രതിഷേധം അറിയിച്ചു.
എന്നാൽ കത്തയയ്ക്കുന്നതിൽ വന്നിട്ടുള്ള കാലതാമസത്തെ സംബന്ധിച്ചു പരിശോധിക്കാമെന്നും നിലപാടിൽ ഒരു മാറ്റവും വരുത്തില്ലെന്നും ഗോവിന്ദൻ ബിനോയിയെ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽത്തന്നെ കത്ത് കേന്ദ്രത്തിനു നൽകാൻ സർക്കാർതലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
District News
ഇരിട്ടി: ഇടതുപക്ഷ സർക്കാരിനെ സ്വാധീനിക്കാനും തകർക്കാനും ഒരു വർഗീയ ശക്തികൾക്കും സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ ഇരിട്ടി ഏരിയാ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകൾ എല്ലാ കമ്മ്യൂണിസ്റ്റ് ആശയങ്ങളും അതേപടി നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് വർഷങ്ങൾക്ക് മുൻമ്പെ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭരണം കൈയാളുമ്പോൾ പരിമിതികളും അവസരങ്ങളും ഉണ്ടാകും. അവസരങ്ങളെ ഉപയോഗപ്പെടുത്തി വികസനം നടപ്പിലാക്കും. പരിമിതികളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും.
പിഎംശ്രി പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നുഎം.വി. ഗോവിന്ദൻ.വികസന പ്രവർത്തനങ്ങൾ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.ഇടതുപക്ഷം ഉയർത്തുന്ന നവകേരള പദ്ധതി മൂന്നാം ഭരണത്തിലേക്കുള്ള ഉറച്ച ചുവട് വെച്ചാണെന്നും ഗോവിന്ദൻ പറഞ്ഞു.
ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എം.എ. അജിത്ത് കുമാർ, കെ. ഷാജി, എൻ. സുരേന്ദ്രൻ, വി. സൂരജ്, കെ.വി. സക്കീർ ഹുസൈൻ, കെ. രഞ്ജിത്ത്, പി.ആർ. സ്മിത, എ.എം. സുഷമ എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: വിശ്വാസികളെ കൂടെനിർത്തി വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം മതവിശ്വാസത്തിനെതിരായി നിലകൊള്ളുന്ന പാർടിയല്ല. വിശ്വാസികളെ ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണ്. അന്ധവിശ്വാസം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ വിശ്വാസികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം.1957 ലെ ഇഎംഎസ് സർക്കാർ മുതലുള്ള കമ്യൂണിസ്റ്റ് - ഇടതു പക്ഷ സർക്കാരുകൾ സ്വീകരിച്ച നടപടികളാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത കേരളമായി മാറും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രി മോദി റഷ്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.